Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.E Abdul Gafoor

'കേരളത്തില്‍ യുഡിഎഫ് തരംഗം, എല്‍ഡിഎഫ് പോലും ഭരണമാറ്റം ആഗ്രഹിക്കുന്നു': അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍

കൊച്ചി: കളമശേരി മണ്ഡലത്തില്‍ 2021ലെ എതിരാളികള്‍ വീണ്ടും ഏറ്റുമുട്ടലിന് ഒരുങ്ങിയിരിക്കുകയാണ്. മന്ത്രി പി. രാജീവിനെ എതിരിടാന്‍ ഫുള്‍ ഫോമിലാണ് യുഡിഎഫിന്‍റെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍.

കേരളം മാറ്റം ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പാണ് ഏപ്രില്‍ ഒമ്പതിന് വരാന്‍ പോകുന്നത്. കേരളമൊട്ടാകെ യുഡിഎഫിന്‍റെ തരംഗമുണ്ടാകും, അതിനൊപ്പം കളമശേരിയും ഉണ്ടാകുമെന്നും അബ്ദുള്‍ ഗഫൂര്‍ ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചു.

കളമശേരിയില്‍ ഇത്തവണ യുഡിഎഫ് തന്നെ വിജയിക്കും. കേരളമൊട്ടാകെ യുഡിഎഫിന്‍റെ തരംഗമാണ്. യുഡിഎഫ് സര്‍ക്കാറാണ് വരാന്‍ പോകുന്നത്. അതിനോടൊപ്പം കളമശേരി മണ്ഡലവും ഉണ്ടാകും.

കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തെ എങ്ങനെയെങ്കിലും മാറണം എന്നാണ് ജനങ്ങള്‍ക്ക്. യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, നല്ലവരായ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോലും ആഗ്രഹിക്കുന്നത് അതാണ്. കേരളം മാറ്റം ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പാണ് ഏപ്രില്‍ ഒമ്പതിന് വരാന്‍ പോകുന്നത്. കളമശേരിയില്‍ യുഡിഎഫിന് ഉജ്വലമായ വിജയം ഉണ്ടാകും. ഇപ്പോഴത്തെ സ്ഥിതിയില്‍ നൂറില്‍ കൂടുതല്‍ സീറ്റ് ഉറപ്പായും ലഭിക്കും. ആ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

കളമശേരി വികസനത്തിലേക്ക്

കളമശേരി മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. മണ്ഡലം 2011ല്‍ രൂപീകൃതമായി വന്നപ്പോള്‍ ഇതിന്‍റെ കണക്ടിവിറ്റി വിഷയമായിരുന്നു.

ഇടപ്പള്ളി മുതല്‍ ഏകദേശം തൃശൂര്‍ മാളയുടെ ബോര്‍ഡര്‍ വരെയുള്ള മണ്ഡലമാണ് കളമശേരി. അതെല്ലാം 17 പാലങ്ങള്‍ കൊണ്ട് ബന്ധിപ്പിക്കാനും കണക്ടിവിറ്റി ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. എല്ലാ റോഡുകളും ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകള്‍ എല്ലാം നന്നാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ മെയിന്‍റനന്‍സ് നടന്നിട്ടില്ല.

റോഡുകളുടെ സ്ഥിതി ഇപ്പോള്‍ വളരെ ദയനീയമായി നില്‍ക്കുന്ന അവസ്ഥയാണ്. 13 കൊല്ലം മുമ്പ് ടാര്‍ ചെയ്ത് നല്ല നിലവാരത്തില്‍ ആക്കിയ റോഡുകള്‍ ഇന്ന് മെയിന്‍റനന്‍സ് കാത്തു കിടക്കുകയാണ്.

കുടിവെള്ളത്തിന്‍റെ പ്രശ്‌നമുണ്ട് പല സ്ഥലത്തും. യുഡിഎഫിന്‍റെ കാലത്ത് വലിയ കുടിവെള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ പത്തു കൊല്ലമായിട്ടും അത് നടപ്പാക്കിയിട്ടില്ല എന്നതാണ് ദുഃഖകരമായ അവസ്ഥ. അത് പരിഹരിക്കും.

കളമശേരി ഒരു നഗരപ്രദേശമാണ്, എന്നാല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുനുകര, കരുമാലൂര്‍, ആലങ്ങാട് ഒക്കെ ഗ്രാമപ്രദേശങ്ങളാണ്. അതിനാല്‍ തന്നെ നിരവധി ആവശ്യങ്ങളുള്ള മണ്ഡലമാണ് കളമശേരി. ഒരു പാറ്റേണ്‍ അനുസരിച്ച് മാത്രം വികസനം കൊണ്ടുവരാന്‍ പറ്റുന്ന ഒരു മണ്ഡലമല്ല ഇത്. ഓരോ പ്രദേശത്തിനും ഓരോ രീതിയിലുള്ള ആവശ്യങ്ങളാണ്, അതെല്ലാം പരിഗണിച്ചു കൊണ്ടു തന്നെ മുന്നോട്ട് പോകും.

വായു മലിനീകരണം

ഏലൂരിലെ ഇപ്പോഴത്തെ വായു മലിനീകരണം ഏകദേശം ഡല്‍ഹിയുടെ അടുത്തു തന്നെ എത്തി. പലപ്പോഴും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) ഡല്‍ഹിയുടെ അടുത്തു തന്നെയാണ്. എക്യുഐ അനാരോഗ്യകരം എന്നാണ് കാണിക്കുന്നത്. ടിസിസി അടക്കമുള്ള വലിയ കമ്പനികളെ നിലനിര്‍ത്തി കൊണ്ടു തന്നെ നല്ല രീതിയില്‍ അതിനെ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ സാധിക്കണം. മലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. അതിന് വേണ്ടി ശ്രദ്ധ ചെലുത്തും.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ പ്രതിസന്ധിയാവില്ല

മുഖ്യമന്ത്രി ചര്‍ച്ചകള്‍ യുഡിഎഫിന് ഒരിക്കലും പ്രതിസന്ധി ഉണ്ടാക്കില്ല. മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്നും തന്നെയായിരിക്കും. ആരാണ് മുഖ്യമന്ത്രി എന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും. അതിനെ എല്ലാ ഘടകകക്ഷികളും പിന്തുണയ്ക്കും. അതിലൊന്നും ഒരു തര്‍ക്കവുമില്ലഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഇരുന്നെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാവുകയില്ല. വളരെ സ്മൂത്ത് ആയിട്ട് തന്നെ കാര്യങ്ങള്‍ പോകും.

വനിതാ പ്രാതിനിധ്യം

വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ റിസര്‍വേഷന്‍ പാറ്റേണ്‍ ഉണ്ട്. അതുകൊണ്ട് തന്നെ അവിടെ കൂടുതല്‍ സ്ത്രീകള്‍ എത്തുന്നുണ്ട്. വനിതകള്‍ മത്സരിക്കാനായി സ്വമേധയാ മുന്നോട്ടു വരുന്നുണ്ട്.

നിയമസഭയില്‍ റിസര്‍വേഷന്‍ ഇല്ല. എന്നാല്‍ അതിന്റേതായ പരിഗണന എല്ലാ പാര്‍ട്ടികളും കൊടുക്കാന്‍ നോക്കാറുണ്ട്. മുസ്ലീം ലീഗ് പോലും രണ്ടു വനിത സ്ഥാനാര്‍ഥികളെ നിര്‍ത്തുക എന്നുള്ളത് വനിതകള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം കൊടുക്കണം എന്നതിന്റെ ലക്ഷണമാണ്.

തൊഴിലാളികള്‍ക്ക് ആനുകൂല്യം

യുഡിഎഫ് ഭരിക്കുന്ന കാലത്താണ് ടിസിസി അടക്കമുള്ള കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുള്ളത്. എല്‍ടിഎ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് നടപ്പിലാക്കിയിട്ടുണ്ട്. പക്ഷെ എല്‍ഡിഎഫിന്റെ കാലത്ത് തൊഴിലാളികള്‍ക്ക് അങ്ങനെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. അന്യായമായ ആനുകൂല്യങ്ങൾ ഒന്നും ചോദിക്കുന്നില്ല. ആവശ്യമായത് ഒക്കെ കൊടുക്കണം. ഇപ്പോഴുള്ള എല്‍ടിഎ പോലും ചെറിയ കാര്യങ്ങള്‍ കൊണ്ട് തടഞ്ഞു വച്ചിരിക്കുകയാണ്. യുഡിഎഫ് വന്നാല്‍ അര്‍ഹമായ രീതിയിലുള്ള ആനുകൂല്യങ്ങള്‍ നല്‍കും.

പ്രചാരണം

പ്രചാരണം നന്നായി നടക്കുന്നുണ്ട്. എല്ലാവരും നന്നായി സഹകരിക്കുന്നുണ്ട്. യുഡിഎഫിന്‍റെ എല്ലാ വലിയ നേതാക്കളും പ്രവര്‍ത്തകരും പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ വിജയം നൂറു ശതമാനമാണ്.

Latest News

Corehub Up